രോഗികള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
നമ്മുടെ ആഹാര വിഹാരങ്ങള്‍ തന്നെയാണ് രോഗത്തേയും ആരോഗ്യത്തെയും ഉണ്ടാക്കുന്നത്. എപ്പോഴും പഥ്യമായവ ശീലിക്കുവാനും അപഥ്യമായവ ഒഴിവാക്കാനും ശ്രദ്ധിക്കണം. മരുന്ന് കഴിച്ച് രോഗം ശമിച്ചുവെങ്കില്ക്കൂടി അവ ഉണ്ടാകുന്നതിന് കാരണമായ ആഹാരവിഹാരങ്ങള്‍ തുടര്‍ന്നും ശീലിച്ചാല്‍ പിന്നെയും രോഗം വരിക തന്നെ ചെയ്യും.
ചെറിയ കാരണങ്ങളാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റം അസുഖങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഔഷധം കൊണ്ട് സുഖപ്പെടുത്താന്‍ പലപ്പോഴും സാധിക്കും.
രോഗ കാരണങ്ങള്‍ തുടര്‍ച്ചയായി ശീലിച്ചാല്‍ ശരീരത്തില്‍ ഘടനാപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും അവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്യും. സര്‍ജറി ചെയ്ത് പരിഹരിക്കേണ്ട രോഗങ്ങളില്‍ വീര്യമേറിയ സ്റ്റീറോയിഡ്, ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നത് പലപ്പോഴും കൂടുതല്‍ കുഴപ്പം ഉണ്ടാക്കും. പല മരുന്നുകളും ഭക്ഷണശേഷം കഴിക്കാനുള്ളതാണ്. പ്രത്യേകിച്ചും ഗുളികകള്‍, അരിഷ്ടം തുടങ്ങിയവ. മറ്റ് രീതിയില്‍ ഉപയോഗിക്കേണ്ടതാണെങ്കില് മരുന്നെഴുതുമ്ബോള് തന്നെ ഡോക്ടര്‍ അത് പ്രത്യേകം നിര്‍ദ്ദേശിക്കും.
രക്തസമ്മര്‍ദ്ദം കൂടിയാല്‍ പരിശോധനയില്ലാതെ മനസിലാക്കാന്‍ കഴിയുമെന്ന് പറയുന്നവരുണ്ട്. ഇത് പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഒരുലക്ഷണവും കൂടാതെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു കാണാറുണ്ട്. ഒരേദിവസം തന്നെ പല കാരണങ്ങളാല്‍ ബി.പി കുറയുകയോ കൂടുകയോ ചെയ്യാം. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ശ്വാസം മുട്ടോ കാല് പാദത്തില്‍ നീരോ കണ്ടാല്‍ ഡോക്ടറെ വിവരമറിയിച്ച് മരുന്ന് മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രമേഹ രോഗികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ അപ്പോഴുള്ള ബ്ളഡ് ഷുഗര്‍ ലെവല്‍ പരിശോധിക്കുകയും ആ വിവരം ഡോക്ടറെ അറിയിക്കുകയും വേണം.
ജീവിതശൈലീ രോഗങ്ങളില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതനുസരിച്ച് രോഗശമനം ഉണ്ടാകും. അതിനനുസരിച്ച് മരുന്ന് കുറയ്ക്കാനും മാറ്റുവാനും കൃത്യമായ ഇടവേളകളില്‍ രോഗാവസ്ഥയ്ക്കനുസരിച്ച് ഡോക്ടറില്‍ നിന്ന് ഉപദേശം തേടണം. എന്തിനുമേതിനും ആന്റിബയോട്ടിക്കും വേദനസംഹാരികളും കഴിക്കാന്‍ പാടില്ല. നിവൃത്തിയില്ലെങ്കില്‍ മാത്രം കഴിക്കേണ്ട മരുന്നുകളുടെ പട്ടികയില്‍ അവ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഇന്നു കാണുന്ന രോഗാതുരത നല്ലൊരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ, പാര്‍ശ്വഫലങ്ങള്‍ വളരെ കുറവുള്ള മരുന്നുകള്‍ മാത്രമേ കഴിക്കാവൂ. ഒരു രോഗത്തെ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നു കാരണം കൂടുതല്‍ മാരകമായ മറ്റൊരു രോഗം ഉണ്ടാകാനിടയാകരുത്.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. എല്ലാ പഞ്ചായത്തിലും നിങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശവും മരുന്നും നല്കാന് സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഗുളിക കഴിക്കാന്‍ ചൂടാക്കി തണുപ്പിച്ച വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.തണുത്ത വെള്ളം,നാരങ്ങാവെള്ളം, സോഡ, കോള, ചായ,കാപ്പി ഇവ ഉപയോഗിച്ച് ഗുളിക കഴിക്കുന്നത് നല്ലതല്ല.