ഗ്രീന്‍ എക്‌സര്‍സൈസ് അഥവാ ഹരിത വ്യായാമം
വ്യായാമം എന്നാല്‍ മുറിക്കകത്ത് മണിക്കൂറുകള്‍ ചെലവഴിച്ച് ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനം ആണല്ലോ. യോഗയും ധ്യാനവും എല്ലാം മുറിക്കകത്താണ് പൊതുവെ ചെയ്യുന്നത്. നടത്തം മാത്രമാണ് ഇതിനൊരപവാദം. എന്നാല്‍ വെറും അഞ്ചു മിനിട്ടുകൊണ്ട് നിങ്ങളുടെ മാനസികാവസ്ഥയില്‍ ഗുണകരമായ മാറ്റം വരുന്ന ഒരു പ്രവൃത്തിയുണ്ട്. ഗ്രീന്‍ എക്‌സര്‍സൈസ് അഥവാ ഹരിത വ്യായാമം. ഹരിതവ്യായാമം എന്നാല്‍ പ്രകൃതിയുടെ സാന്നിധ്യത്തിലുള്ള ശാരീരികപ്രവര്‍ത്തനം എന്നര്‍ഥം.
സൗഖ്യമേകാനും മാനസികരോഗത്തിന്റെ സാധ്യതയെ കുറയ്ക്കാനും സ്വാഭാവിക പ്രകൃതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്നതിന് ധാരാളം ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ട്. ഇതുപോലെ ഗുണങ്ങള്‍ ലഭിക്കാന്‍ എത്രസമയം ഹരിതസ്ഥലങ്ങളില്‍ ചെലവിടണം എന്നതി നെക്കുറിച്ച് ഇതുവരെ അറിവുണ്ടായിരുന്നില്ല.
പൂന്തോട്ടത്തിലോ പറമ്പിലോ ഒരു നടത്തം, പാര്‍ക്കില്‍ വെറും അഞ്ചുമിനിറ്റു നേരത്തെ വ്യായാമം, അല്ലെങ്കില്‍ ഹരിതാഭമായ ഏതെങ്കിലും സ്ഥലം… ഇതെല്ലാം നിങ്ങളുടെ മാനസികാവസ്ഥയെയും സെല്‍ഫ് എസ്റ്റീമിനെയും ഉയര്‍ത്തും എന്ന് പഠനം. മനുഷ്യന്റെ മാനസികാരോഗ്യത്തില്‍ പ്രകൃതിയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന പഠനം ആണിത്.
വിവിധ പ്രായവും മാനസിക നിലയും ഉള്ള 1252 സ്ത്രീ പുരുഷന്മാരെ, യു കെയില്‍ നിലവിലുള്ള പത്ത് പഠനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് പഠനവിധേയരാക്കി. പ്രകൃതിയുടെ സാന്നിധ്യത്തിലുള്ള പ്രവൃത്തികള്‍ ശാരീരികവും മാനസികവുമായ മെച്ചപ്പെട്ട ആരോഗ്യം നല്‍കുന്നതായി കണ്ടു.
നടത്തം, പൂന്തോട്ട പരിപാലനം, സൈക്ലിങ്, മീന്‍പിടുത്തം, ബോട്ടിങ്, കുതിരസവാരി, കൃഷി മുതലായ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പ്രായത്തിലും ഉള്ളവര്‍ക്ക് പ്രയോജനപ്പെട്ടെങ്കിലും ഏറ്റവും അധികം ആരോഗ്യകരമായ മാറ്റം സംഭവിച്ചത് ചെറുപ്പക്കാര്‍ക്കും മാനസികരോഗം ഉള്ളവര്‍ക്കും ആയിരുന്നു.
നഗരങ്ങളിലെ പാര്‍ക്കുകളുള്‍പ്പെടെയുള്ള സ്വാഭാവിക പരിസ്ഥിതി ഹരിതവ്യായാമത്തിന് ഗുണകരമാണ്. ജലസാന്നിധ്യമുള്ള ഹരിതാഭമായ സ്ഥലങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യും. നീലയും പച്ചയും ചേര്‍ന്ന പ്രകൃതി ആരോഗ്യത്തിനു വളരെ നല്ലതാണത്രേ. പ്രായഭേദമന്യേ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും ഹരിതവ്യായാമം എന്ന സ്വയം ചികിത്സ തുടങ്ങേണ്ടതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലായ എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.